തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ വീണ്ടും വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. നീരൊഴുക്കും മഴയും കുറഞ്ഞതിനെത്തുടര്‍ന്നു ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്ററാക്കി താഴ്ത്തിയിരുന്നെങ്കിലും ഇന്ന് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് 1.8 മീറ്ററാക്കി കൂട്ടിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് നഗരത്തിലെ താണ പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ ഇന്നും ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
അധികൃതര്‍ മാറണമെന്ന് പറഞ്ഞിട്ടും ജനങ്ങള്‍ അതിനോട് സഹകരിക്കാത്തതിനാലാണ് ഇപ്പോള്‍ അപകടകരമായി സാഹചര്യം നിലനില്‍ക്കുന്നത്. അതിനാല്‍ അധികൃതരോട് സഹകരിച്ച് ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു.