യു എസ് നിര്‍മാതാക്കളായ ടെസ്ലയില്‍ നിന്ന് 100 ‘സെമി’ ട്രക്കുകളാണു ‘മൗണ്ടന്‍ഡ്യൂ’ സോഡയുടെയും ‘ഡൊരിറ്റോസ്’ ചിപ്‌സിന്റെയുമൊക്കെ നിര്‍മാതാക്കളായ പെപ്‌സികോ ബുക്ക് ചെയ്തിരിക്കുന്നത്.
ടെസ്ലയുടെ ‘സെമി’ ട്രക്കിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ഓര്‍ഡറാണു പെപ്‌സികോയുടേത്.
ഗവേഷണ സ്ഥാപനമായ എഫ് ടി ആറിന്റെ കണക്കനുസരിച്ച് വടക്കേ അമേരിക്കയില്‍ 2.60 ലക്ഷത്തോളം ഹെവി ഡ്യൂട്ടി ക്ലാസ് എട്ട് ട്രക്കുകളാണു വര്‍ഷം തോറും നിര്‍മിക്കുന്നത്.
പെപ്‌സികോയടക്കം ഒരു ഡസനോളം കമ്പനികളാണ് ടെസ്ലയുടെ ‘സെമി’ സ്വന്തമാക്കാന്‍ രംഗത്തുള്ളത്.
വാള്‍മാര്‍ട്ട് സ്റ്റോഴ്‌സ്, ഫ്‌ളീറ്റ് ഓപ്പറേറ്റര്‍ ജെ ബി ഹണ്ട് ട്രാന്‍സ്‌പോര്‍ട് സര്‍വീസസ്, ഭക്ഷ്യസേവന വിതരണ കമ്പനിയായ സിസ്‌കോ കോര്‍പറേഷന്‍ തുടങ്ങിയവരൊക്കെ ‘സെമി’ ബുക്ക് ചെയ്തിട്ടുണ്ട്.
മൊത്തം 267 ട്രക്കുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇതുവരെ ടെസ്ലയെക്കു ലഭിച്ചതെന്നാണു സൂചന.
സെമി’ക്ക് ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് എലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്യുന്ന 500 മൈല്‍(800 കിലോമീറ്റര്‍) പരിധിക്കുള്ളിലാവും പെപ്‌സികോയുടെ സര്‍വീസുകള്‍.
പെപ്‌സികോയ്ക്ക് യു എസില്‍ പതിനായിരത്തോളം വമ്പന്‍ ട്രക്കുകളാണുള്ളത്; ഇവയ്ക്കു പൂരകമായി സര്‍വീസ് നടത്താനാണു കമ്പനി ‘സെമി’ തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം അനാവരണം ചെയ്ത ‘സെമി’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം 2019ല്‍ ആരംഭിക്കാനാണു ടെസ്ല ലക്ഷ്യമിട്ടിരിക്കുന്നത്.