തൃശൂര്‍ : പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. വെള്ളിയാഴ്ച 419.75 മീറ്ററാണു ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്.
പറമ്പിക്കുളം ഡാമിലെ നിലവിലെ ജലനിരപ്പ് 1823.95 അടിയായതിനാലാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്റെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്ന് 202 ക്യുമെക്‌സ് വെള്ളമാണു ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്.
ഡാമിലെ ഏഴ് സ്പില്‍വേ ഷട്ടറുകള്‍ ക്രസ്റ്റ് ലെവല്‍ ആയ 419.41 മീറ്ററില്‍ തുറന്നുവെച്ചിരിക്കുന്നതിനാല്‍ നേരത്തെ തന്നെ 30 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ അഞ്ച് അടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലിറങ്ങുന്നവരും മീന്‍ പിടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.