തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇഡി ഉദ്യോഗസ്ഥരുടെ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ എറണാകുളം പിഎംഎൽഎ കോടതിയിൽ ഹർജി നൽകി.
കരുവന്നൂർ കേസ് അന്വേഷണവുമായി ഇഡിയുമായി പൂർണമായും തങ്ങൾ സഹകരിക്കുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സമയബന്ധിതമായി തന്നെ ഹാജരാക്കി. കേസിൽ പ്രതിചേർക്കപ്പെട്ട അരവിന്ദാക്ഷന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ ഒന്നിലേറെ തവണ ബാങ്കിനോട് ചോദിച്ച് വാങ്ങി. അതിന് പുറമേ പ്രത്യേകമായി മറ്റൊരു അവസരത്തിൽ ഒരു അക്കൗണ്ടിലെ വിവരങ്ങൾ ചോദിച്ചു വാങ്ങി. ഇത് അരവിന്ദാക്ഷന്റെ മാതാവിന്റെതാണെന്ന് പ്രചരിപ്പിക്കും കോടതിയിൽ ഇഡി ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ബാങ്കിനെതിരെ തെറ്റായ പ്രചരണത്തിന് ഇടയാക്കി. ഇഡി ഉദ്യോഗസ്ഥരുടെ മുന്നിൽ വസ്തുതകൾ മനസ്സിലാക്കാനുള്ള മുഴുവൻ രേഖകളും ഉണ്ട്. എന്നിട്ടും മനപ്പൂർവ്വമായാണ് തെറ്റായ വിവരം റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ പ്രസ്താവിച്ചതെന്നും ബാങ്ക് ഹരജിയിൽ ആരോപിച്ചു.
ഇതിനെ തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ വിളിച്ചുവരുത്തി. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്ന് എഴുതി നൽകാൻ സെക്രട്ടറിയെ നിർബന്ധിച്ചു. മാനസികമായി സെക്രട്ടറിയെ പീഡിപ്പിച്ചുവെന്നും ബാങ്ക് ഹർജിയിൽ കുറ്റപ്പെടുത്തി. ബാങ്ക് അധികൃതർ നൽകിയ വിവരത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. ഇത് തങ്ങളുടെ നിക്ഷേപകരിൽ വലിയ പരിഭ്രാന്തി പരത്തിയെന്നും ബാങ്ക് പറയുന്നു. ഇഡി നടപടികൾക്കെതിരെയാണ് ക്രിമിനൽ നടപടി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം ബാങ്ക് വിചാരണ കോടതിയെ സമീപിച്ചിട്ടുള്ളത്.
കേരളത്തിലെ ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കുകളിൽ പ്രധാനപ്പെട്ട ബാങ്കാണ് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്. ബാങ്ക് നടത്തുന്ന ബാങ്കിംഗ് പ്രവർത്തനങ്ങളും, വാണിജ്യ മേഖലയിലും സേവനമേഖലയിലും കാർഷിക രംഗത്തും നടത്തുന്ന ബാങ്കിങ് ഇതര സേവനങ്ങളും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. അഡ്വ ആർ രോഹിതാണ് ഹർജി ഫയൽ ചെയ്തത്.