പെരിയ കേസ്; അന്വേഷണത്തില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി:പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണത്തില്‍ അപാകത ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.കേസ് അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്.

അന്വേഷണ സംഘം കൃത്യമായി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചായിരുന്നു അന്വേഷണം, അന്വേഷണം എങ്ങനെ നടത്തണം എന്നത് പ്രത്യേക സംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് അതില്‍ ഇടപെടുന്നതില്‍ കോടതികള്‍ക് പോലും പരിധി ഉണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിനായി മുന്‍ അഡിഷന്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് ഹാജരായി.

സെപ്റ്റംബര്‍ 30 നാണ് പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതായിരുന്നു ഉത്തരവ്. കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ഇതേ തുടര്‍ന്നാണ് കേസ് ഫയല്‍ സിബിഐക്ക് പൊലീസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Top