കാസര്‍ഗോഡ് : പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിനെ വകവരുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്.
കൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി സൂചനയുള്ളത്. സംഭവത്തില്‍ കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയതിനും തെളിവുകളുണ്ട്.
കല്ലിയോട് സ്‌കൂളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വച്ച് പോസ്റ്റിട്ട് ചുവട്ടില്‍ ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി..എന്നും കുറിച്ചിരുന്നു
പെരിയിലെ സഖാക്കള്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ കൃപേഷ് കല്ലിയോട്ടെ ഒരു നേര്‍ച്ചക്കോഴിയാണെന്ന് പരസ്യമായി പറയുന്നു. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വച്ചുകൊണ്ടാണ് പോസ്റ്റ്.
ഇതുകൂടാതെ സിപിഎം അനുഭാവമുള്ള വിവിധ വാട്‌സാപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട്‌സ് ഉള്‍പ്പെടെയാണ് കൃപേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
അതേസമയം പെരിയ ഇരട്ടക്കൊലപാതകക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
പ്രതികളെ സഹായിച്ച ചിലരെ മാത്രമൊഴിച്ച് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ റിമാന്‍ഡ് ചെയ്ത അഞ്ച് പ്രതികളുടെയും കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും. കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.