തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇതോടെ പുറത്തുവന്നെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ജനം പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പെരിയ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികളെ രക്ഷിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണിത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് തെളിഞ്ഞു. കേരളത്തെ നടുക്കിയ കൊലപാതകത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി കേരളത്തോട് കടുത്ത ദ്രോഹമാണ് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
കൃപേഷ്, ശരത് ലാല്‍ വധം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി.
ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതികളായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണ്, അന്വേഷണം ഫലപ്രദവും കാര്യക്ഷമവും ആയിരുന്നില്ല, ഫോറന്‍സിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി.