തിരുവനന്തപുരം: രാമപുരത്ത് വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കി. മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ബന്ധു ഉടമസ്ഥനായ ശരണ്യ ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്.
പുനലൂര്‍-എറണാകുളം റൂട്ടിലോടിയിരുന്ന ബസ് പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി വഴിയാണ് സര്‍വീസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ രാമപുരം, പാലാ വഴി അനധികൃതമായി സര്‍വീസ് നടത്തുന്നതിനിടെയാണ് ശനിയാഴ്ച ബസ് വിദ്യാര്‍ഥിയെ ഇടിച്ചു കൊലപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ബസ് ഓടിച്ചിരുന്ന എരുമേലി സ്വദേശിയായ ഡ്രൈവര്‍ രഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അപകടമുണ്ടായതിനു പിന്നാലെ സ്ഥലത്തു നിന്നും ബസിലെ ജീവനക്കാര്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. ശരണ്യ മോട്ടോഴ്‌സിന്റെ ബസുകള്‍ക്കെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്.
റോഡിന്റെ വശത്തുകൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥികളെ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വെള്ളിലാപ്പള്ളി തേവര്‍കുന്നേല്‍ ആകാശ് സാജന്‍ (14) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ക്രിസ്റ്റി എന്ന വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തിനു പിന്നാലെ രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തിരുന്നു. ബസ് കത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷവും കല്ലേറും ഉണ്ടായി. ബസ് തല്ലിതകര്‍ത്ത് സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 ഓളം നാട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
അപകടത്തിന്റെ ഉത്തരവാദി ഗതാഗതവകുപ്പ് തന്നെയാണെന്നാണ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആരോപണം. മാസങ്ങളായി റൂട്ട് പെര്‍മിറ്റില്ലാതെ സൂപ്പര്‍ ഫാസ്റ്റ് നിരക്ക് യാത്രക്കാരില്‍ നിന്നും ഈടാക്കി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ഉടമയ്‌ക്കെതിരേ നേരത്തെതന്നെ നിയമനടപടി സ്വീകരിക്കണമായിരുന്നുവെന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നിലപാട്. പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള നിയമപാലകര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു.
അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചറായി സര്‍വീസ് നടത്താന്‍ പാടില്ലെന്നിരിക്കെ രാമപുരത്ത് അപകടത്തില്‍പ്പെട്ട ബസിന് ഏഴു വര്‍ഷത്തെ പഴക്കമുള്ളതായും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.