ദില്ലി : ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.
കേരളം, തമിഴ്നാട്, ബംഗാൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മിൽ തർക്കം നിലനിൽക്കെയാണ് ഗവർണർ പദവി മാറ്റണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്. നേരത്തെ 2020 ൽ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്സഭയില്ലും സ്വകാര്യ ബില്‍ സമര്‍പ്പിച്ചിരുന്നു. ഗവർണമാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിൽ സമർപ്പിച്ചതെന്നും വ്യക്തമാക്കിയാണ് നീക്കം.