റായ്പുര്‍: മദ്യത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനും വിതരണത്തിനും ഛത്തീസ്ഗഢ് സര്‍ക്കാര്‍ അനുമതി നല്‍കി. ആവശ്യക്കാര്‍ക്ക് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇത് വീടുകളില്‍ എത്തിക്കുന്നതാണ് സംവിധാനം.
അതേസമയം, സര്‍ക്കാര്‍ തീരുമാനം അനുചിതവും നിരുത്തരവാദപരവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കോവിഡിനെ നേരിടാനായി മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഓക്സിജനും വാക്സിനും ദൗര്‍ലഭ്യം നേരിടുന്ന കാലത്ത് അത് പരിഹരിക്കുന്നതിന് പകരം അനാവശ്യ കാര്യങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മെയ് 10 മുതലാണ് മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുക. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ഹോം ഡെലിവറി സംവിധാനം. ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെയാണ് ബുക്ക് ചെയ്യാവുന്നത്. മദ്യത്തിന്റെ തുകയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ് ആയി 100 രൂപയും നല്‍കണം. മദ്യശാലകളുടെ 15 കി.മീ ചുറ്റളവില്‍ മാത്രമാവും ഡെലിവറി ലഭിക്കുക.