തിരുവനന്തപുരത്തെ പള്ളികളില്‍ പാതിരാ കുര്‍ബാനയ്ക്ക് അനുമതി

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പള്ളികളില്‍ പാതിരാ കുര്‍ബാന നടത്തുന്നതിന് കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ അനുമതി നല്‍കി. എന്നാല്‍ എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളും നിര്‍ബന്ധമായും പാലിക്കണം. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ 50 ശതമാനം പേര്‍ മാത്രം കുര്‍ബാനയ്ക്ക് പങ്കെടുക്കണം. എന്നാല്‍ പരമാവധി 200 പേരില്‍ കൂടാനും പാടില്ല.

പള്ളികളുടെ പുറത്ത് കൂട്ടം കൂടരുത്. കൊവിഡിന്റെ രണ്ടാംവരവ് കൂടി റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണമെന്നും പ്രായമേറിയവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുതന്നും ജില്ലാ കളകടര്‍ അഭ്യര്‍ഥിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷ പിറവിയുടെ തലേദിവസമായ ഇന്ന് ഹോട്ടലുകളില്‍ ഉള്‍പ്പടെ ആഘോഷങ്ങള്‍ രാത്രി പത്തു മണി വരെ മാത്രമേ അനുവദിക്കൂ. ഒരു കാരണവശാലും ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പുറത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കാനോ കൂട്ടം കൂടാനോ പാടില്ല. സാമൂഹിക അകലം, മാസ്‌ക്ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുവേണം ആഘോഷത്തില്‍ പങ്കെടുക്കാന്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും.

Top