ദില്ലി: പൈലറ്റിന്റെ ജാഗ്രതയിൽ ദില്ലി വിമാനത്താവളത്തില്‍ ഒഴിവായത് വൻ ദുരന്തം. വിസ്താര വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ലാന്‍ഡിംഗിനും, ടേക്ക് ഓഫിനും അനുമതി നല്‍കിയതാണ് വന്‍ ദുരന്തത്തിന് കളമൊരുങ്ങിയത്. അഹമ്മദാബാദിൽ നിന്ന് വന്ന വിമാനം ലാൻഡിങ്ങിനു ശേഷം പാർക്കിംഗ് ബെയിലേക്ക് എത്താൻ എയർ ട്രാഫിക് കൺട്രോളർ അനുമതി നൽകി.
ഇതേ സമയം സമയം, ബാഗ്ദോഗ്രയിലേക്ക് പോകാനുള്ള വിമാനത്തിന് പറന്നുയരാനുള്ള നിർദേശവും കൊടുത്തു. 1800 മീറ്റർ ദൂരത്തിൽ മാത്രം നിന്നിരുന്ന ഇരുവിമാനങ്ങളും പൈലറ്റിന്റെ ജാഗ്രതയിലാണ് കൂട്ടിയിടി ഉണ്ടാവാതെ രക്ഷപെട്ടത്. ഡിജിസിഎ അന്വേഷണത്തിന്റെ ഭാഗമായി എയർ ട്രാഫിക് കൺട്രോളറെ ജോലിയിൽ നിന്ന് നീക്കി.
വിമാന യാത്രയ്ക്കിടെ 62 വയസുകാരന്‍ രക്തം ഛര്‍ദിച്ച് മരിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള ഇന്റിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലായതിനെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മുംബൈ – റാഞ്ചി യാത്രയ്ക്കിടെ നാഗ്പൂര്‍ വിമാനത്താവളത്തിലായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിമാനത്തില്‍ വെച്ച് വലിയ അളവില്‍ രക്തം ഛര്‍ദിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.