ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി കര്‍ണടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജൂലൈ അഞ്ചു മുതല്‍ സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
ഷോപ്പിങ് സെന്റര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തന്നെ കണ്ടിരുന്നുവെന്നും തുറക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും യെദിയൂരപ്പ പറഞ്ഞു. മാളുകളും ഷോപ്പിങ് സെന്ററുകളും തുറക്കുന്ന കാര്യത്തിലും മറ്റ് ഇളവുകള്‍ നല്‍കുന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
ജൂലൈ അഞ്ചു മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചു വരെയാണ് നിലവിലുള്ള കോവിഡ് രണ്ടാം ഘട്ട അണ്‍ലോക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മാളുകളും ഷോപ്പിങ് കോംപ്ലക്‌സുകളും എ.സിയുള്ള കടകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മാളുകള്‍ തുറക്കാന്‍ അനുമതി തേടിക്കൊണ്ട് ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.