ന്യൂഡല്‍ഹി: ഏതു വിധേനയും ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം തടയാന്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലഡാക്കില്‍ ചൈനയുമായി ഏറെ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തിന് ഇന്ത്യ സജ്ജമാണെന്നും കേന്ദ്രം വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനം മുന്നോട്ടുവച്ചത്.
ശനിയാഴ്ച ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനു സമീപം നടത്തിയ കടന്നുകയറ്റ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണു യോഗം ചേര്‍ന്നത്. തടാകത്തിന്റെ തെക്കു ഭാഗത്താണ് ചൈനയുടെ കടന്നുകയറ്റ ശ്രമം ഉണ്ടായത്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും മുതിര്‍ന്ന സൈനിക ഓഫിസര്‍മാരും സ്ഥിതിഗതികള്‍ ഡോവലിനോടു വിശദീകരിച്ചു. വരും മാസങ്ങളില്‍ ചൈനയുടെ ഭാഗത്തുനിന്ന് എന്തൊക്കെ നീക്കങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, റോ സെക്രട്ടറി സാമന്ത് ഗോയല്‍ എന്നിവര്‍ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനീസ് നീക്കം ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. എന്നാല്‍ വരുംദിവസങ്ങളിലെ നീക്കങ്ങളാണു യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കും. ചൈനയും ഇതേ സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്ത്രപ്രധാനമായ പല മേഖലകളിലും ചൈന നിലയുറപ്പിച്ചിട്ടുണ്ട്. ചുഷുല്‍ ടൗണ്‍, പാംഗോങ് സോ, സ്പങ്കര്‍ സോ എന്നിവിടങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന രണ്ട് മലനിരകളില്‍ ചൈനീസ് സൈന്യമുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണരേഖയില്‍ മാറ്റം വരുത്താനുള്ള ചൈന നടത്തുന്ന ഏതു നീക്കവും എന്തുവില കൊടുത്തും തടയാനാണ് സൈന്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്.