ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. നിബന്ധനകളോടെയാണ് മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകളാണ് കേന്ദ്രം മുന്നോട്ട് വച്ചത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചകൂടി നീട്ടിക്കൊണ്ട് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഗ്രീന്‍ സോണില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. സിഗരറ്റ്, പാന്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കാനുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ രാജ്യത്ത് മേയ് 17 വരെയായിരിക്കും തുടരുക. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനം. ഗ്രീന്‍ സോണില്‍ പൊതു നിയന്ത്രണം ഒഴികെയുള്ള നിയന്ത്രണം നീക്കി. ഗ്രീന്‍ സോണില്‍ ബസ് സര്‍വ്വീസ് ഉണ്ടാകും.