സൗദിയിലേക്കുള്ള തിരിച്ചുവരവ് ; അനുമതി നുവൈസീബിലൂടെ മാത്രം

കുവൈത്ത് സിറ്റി: സൗദിയിലേക്കുള്ള തിരിച്ചുവരവ് നുവൈസീബ് അതിര്‍ത്തിയിലൂടെ മാത്രമ അനുവദിക്കുവെന്ന് അധികൃതര്‍. സൗദി, കുവൈത്ത് കര അതിര്‍ത്തി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്ത ആദ്യ ദിവസം 560 വാഹനം കുവൈത്തില്‍നിന്ന് പുറത്തുപോയിട്ടുണ്ടെന്നാണ് കണക്ക്. ലാന്‍ഡ് കസ്റ്റംസ് വകുപ്പ് മേധാവി മിഷാന്‍ അല്‍ അദാസ് അറിയിച്ചതാണിത്. നുവൈസീബ് വഴി 290 വാഹനങ്ങളും സാല്‍മി വഴി 270 വാഹനങ്ങളുമാണ് കുവൈത്ത് പുറത്തേക്ക് വിട്ടത്.

ചൊവ്വാഴ്ചയാണ് കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിര്‍ത്തി ചെക്ക് പോയന്റുകള്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് സാല്‍മി, നുവൈസീബ് അതിര്‍ത്തികള്‍ തുറന്നത്. ആരോഗ്യസുരക്ഷാ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിലേക്ക് വരുന്നവര്‍ 96 മണിക്കൂര്‍ കഴിയാത്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവര്‍ക്കും നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.

Top