തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് അറിയുന്നതിനും കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമാണ് പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്ന് കണ്ടെത്തുന്നതിനാണ് സിറോ സര്‍വയലന്‍സ് പഠനം നടത്തുന്നത്. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കും. കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കുന്നതിനും പഠനത്തിലൂടെ സാധിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ദേശീയ തലത്തില്‍ നാല് പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആര്‍. നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി.