മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്‍

തൊടുപുഴ: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ല്‍ സുപ്രീംകോടതി മരംമുറിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം.

കഴിഞ്ഞ 16 വര്‍ഷമായി ഇതിനു അനുമതി നല്‍കാതെ, ബേബി ഡാമിനെ ശക്തിപ്പെടുത്തുന്നതിന് തടസ്സം നില്‍ക്കുകയാണ് കേരളം. 2014ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലും ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 22 മരങ്ങള്‍ വെട്ടാനുള്ള അനുമതി നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വിധികളെല്ലാം ലംഘിച്ചുകൊണ്ട് ഇതിനുള്ള അനുമതി നിരന്തരം കേരളം നിഷേധിക്കുകയാണ്.

ഏറ്റവുമൊടുവില്‍ കേരള വനംവകുപ്പ് ഉത്തരവിറക്കുകയും അത് ദിവസങ്ങള്‍ക്കകം റദ്ദാക്കുകയും ചെയ്തു. ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കാന്‍ കേരളത്തിന് കോടതി തന്നെ നേരിട്ട് നിര്‍ദേശം നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. ഇതുകൂടാതെ, വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top