കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കല്‍പാത്തി രഥോത്സവം നടത്താന്‍ സര്‍ക്കാര്‍ അനുമതി

പാലക്കാട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കല്പാത്തി രഥോത്സവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ രഥോത്സവം നടത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ ഭരണകൂടം കല്പാത്തി രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അടുത്തമാസം പതിനാല് മുതല്‍ പതിനാറ് വരെയാണ് കല്പാത്തി രഥോത്സവം.

കല്‍പാത്തി രഥോത്സവം നടത്താന്‍ അനുമതി തേടി മലബാര്‍ ദേവസ്വം ബോര്‍ഡും രഥോത്സവ കമ്മറ്റി ഭാരവാഹികളും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തോട് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രഥോത്സവം നടത്താനുള്ള തീരുമാനമെടുക്കാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറച്ച് രഥോത്സവം നടത്താന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടം രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ കൊല്ലം ആചാരം മാത്രമായാണ് രഥോത്സവം നടത്തിയത്. ഇത്തവണ എട്ടാം തീയതി കൊടിയേറി 14,15,16 തീയ്യതികളിലാണ് രഥോത്സവം നടക്കേണ്ടത്. രഥോത്സവ കമ്മിറ്റിയുടെ ആക്ഷന്‍ പ്ലാന്‍ പരിശോധിച്ച് ജില്ലാ ഭരണകൂടം അന്തിമാനുമതി നല്‍കും.

Top