തൃശൂര്‍: മണ്ണുത്തി കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതിന് അനുമതി നല്‍കി അഗ്‌നി രക്ഷാ സേന. തുരങ്കത്തില്‍ നടത്തിയ ട്രയല്‍ റണ്‍ തൃപ്തികരമാണെന്ന് അഗ്‌നി രക്ഷാ സേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു.
തീയണക്കാന്‍ 20 ഇടങ്ങളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ് നീക്കാന്‍ പ്രത്യേക ഫാനുകള്‍ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നി ബാധ ഉണ്ടായാല്‍ അണയ്ക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് അഗ്‌നിശമന സേനയുടെ വിലയിരുത്തല്‍.
തീ അണയ്ക്കാന്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തില്‍ ഉള്ളത്. ഫയര്‍ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരുക്കങ്ങള്‍ തൃപ്തികരമെന്നു പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ ശ്രീജിത് പ്രതികരിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ തുരങ്കം ഗതാഗതത്തിനായി തുറന്ന് നല്‍കുന്നതിനുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഫയര്‍ ഫോഴ്‌സ് ജില്ല മേധാവി അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു.