തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി രണ്ട് കെയര്‍ ഹോമുകള്‍ തുടങ്ങാന്‍ സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള എന്‍ജിഒകള്‍ മുഖേന ആരംഭിക്കുന്നതിനും നടത്തിപ്പ് ചെലവുകള്‍ക്കുമായാണ് തുക അനുവദിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നേരത്തെ അഞ്ച് കെയര്‍ ഹോമുകള്‍ അനുവദിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.
ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ച് സ്‌കില്‍ ഡെവലപ്മെന്റ്, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.