പാലക്കാട്: പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കിയില്ല. പകരം കെഎസ്ആര്‍ടിസി ഇറക്കിയ കോയമ്പത്തൂര്‍ ലോ ഫ്‌ലോര്‍ സര്‍വീസ് മികച്ച കളക്ഷന്‍ നേടി. ബസുടമയെയും യാത്രക്കാരേയും പ്രത്യേകം ബസില്‍ വാളയാറിലേക്ക് എത്തിച്ചു. രണ്ടാം ദിന സര്‍വീസില്‍ റോബിനെ തൊടുപുഴയ്ക്ക് സമീപം വെച്ച് മാത്രമാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്. എന്നാല്‍ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരില്‍ എത്തേണ്ട ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുകയായിരുന്നു.
കസ്റ്റഡിയില്‍ എടുത്ത ബസ്സ യാത്രക്കാര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെന്‍ട്രല്‍ ഓഫീസിലേക്ക് മാറ്റി. ഇതോടെ ബസില്‍ നിന്ന് ഇറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു. യാത്രക്കാരെ മാറ്റാന്‍ ബസുടമയോട് ബദല്‍ മാര്‍ഗം തേടാന്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍ടിഒ തന്നെ മാര്‍ഗം കണ്ടെത്തണമെന്ന് ബസുടമ നിര്‍ബന്ധം പിടിച്ചു. രാത്രി 7.30 ഓടെ യാത്രക്കാരെ തമിഴ്‌നാട് ആര്‍ടിസി ബസില്‍ വാളയാറെത്തിക്കാമെന്ന് ആര്‍ടിഒ സമ്മതിച്ചു. തുടര്‍ന്ന് ബസുടമ ഉള്‍പ്പെടെ 20 ഓളം പേരുമായി തമിഴ്‌നാട് ആര്‍ടിസി ബസില്‍ വാളയാറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബസ് ഗാന്ധിപുരത്തെ ആര്‍ടിഓഫീസില്‍ തന്നെ തുടരും. കേരളത്തില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചിട്ടതെന്നാണ് തമിഴ്‌നാട് ആര്‍ടിഒ പറയുന്നതെന്നും വണ്ടിയും കൊണ്ടെ പോകുകയുള്ളുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും ബസുടമ ബേബി ഗിരീഷ് പറഞ്ഞു.
ഞായറാഴ്ച അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ നാളെ എത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടി.ഒ അറിയിച്ചു. ഇന്നലെ ബസ് തടഞ്ഞ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ 70000 രൂപ റോഡ് നികുതിയിനത്തില്‍ പിഴയടക്കം ചുമത്തിയെങ്കിലും വാഹനം വിട്ടു നല്‍കിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുരുക്കുകളെല്ലാം അഴിച്ച് ഇനിയും സര്‍വീസ് തുടരണമെങ്കില്‍ റോബിന്‍ ബസ് ഉടമ ഗിരീഷിന് കോടതിയെ തന്നെ ആശ്രയിക്കേണ്ടി വരും.