2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍: സൈബിള്‍

ന്യൂഡല്‍ഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ സൗജന്യമായി നല്‍കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബില്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് എന്ന് സൈബിള്‍ പറഞ്ഞു.

ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം, മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങളാണ് നല്‍കുന്നത്. 2.3 ജിബി വലിപ്പമുള്ള ഫയലാണത്. ഫയലിന്റെ സ്‌ക്രീന്‍ ഷോട്ടും സൈബിള്‍ പങ്കുവെച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളുടെ റെസ്യൂമേ ശേഖരിക്കുന്ന ഏതെങ്കിലും ഏജന്‍സികളില്‍ നിന്നും ആയിരിക്കാം ഈ വിവരങ്ങള്‍ ചോര്‍ന്നത് എന്ന് സൈബിള്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ പല മുന്നിര തൊഴില്‍ വെബ്‌സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകളും ഇക്കൂട്ടത്തിലുണ്ട്.

പലവിധ തട്ടിപ്പുകള്‍ക്കും കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വ്യക്തി വിവരങ്ങള്‍ ഉപയോഗിക്കപ്പെടാനിടയുണ്ടെന്നും ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും സൈബിള്‍ അറിയിച്ചു.

Top