81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡാറ്റാബേസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. പൗരന്മാരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

80,000 യുഎസ് ഡോളറാണ് ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്. അതേസമയം കൊവിഡ്-19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്റര്‍, ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. അതിനാല്‍ ചോര്‍ച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവര ചോര്‍ച്ചയെക്കുറിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡാറ്റ ചോര്‍ച്ച സ്ഥിരീകരിച്ചാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോര്‍ച്ചയായിരിക്കും ഇത്. ‘pwn0001’ എന്ന ഹാക്കറാണ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പുറത്തുവിട്ടത്. ആധാര്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്.

 

Top