ന്യൂഡല്‍ഹി: ഇന്ത്യയിലെ ചൈനീസ് ഫോണുകള്‍ നിരോധിച്ചേക്കും.
വ്യക്തികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ നീക്കം. ഇത് ചൈനീസ് വ്യവസായികളെ സംബന്ധിച്ച് വന്‍ തിരിച്ചടിയാവും.
കടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.
വിവോ, ഓപ്പോ, ഷവോമി, ജിയോണി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെ 21 സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍ക്കാര്‍ വിശദീകരണം ചോദിച്ച് കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തത്
ഫോണുകളില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പറുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
ആപ്പിള്‍, സാംസങ്, ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് എന്നീ കമ്പനികളും നോട്ടീസ് അയച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഫോണുകളിലെ സുരക്ഷയെ സംബന്ധിച്ച വിവരം നല്‍കാന്‍ ഓഗസ്റ്റ് 28 വരെയാണ് കമ്പനികള്‍ക്ക് സമയം നല്‍കിയിട്ടുള്ളത്, മന്ത്രാലയവും ഇതേക്കുറിച്ച് അന്വേഷണം നടത്തും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി ഉടന്‍ ഉണ്ടാകും.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സിനും നോട്ടീസ് അയച്ചിരിക്കുന്നതിനാല്‍ പ്രകോപനപരമായ നിലപാടാണിതെന്ന് ചൈനയ്ക്കും ഇനി ആരോപിക്കാന്‍ കഴിയില്ല. ഇത് ഇന്ത്യയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മറ്റ് സ്മാര്‍ട്ട് ഫോണുകളെ അവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയില്‍ നിന്ന് ഒഴിവാക്കുകയും ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ദോക് ലാം വിഷയത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ഈ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.
ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തിലെ തന്നെ വലിയ വിപണനകേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ.