ഭോപ്പാല്‍: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഹബീബ് ഗഞ്ചിലാണ് സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോൺട്രാക്ട് തൊഴിലാളിയായി ജോലി ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് ഭര്‍ത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ജബല്‍പൂര്‍ നിവാസിനിയായ ഈ സ്ത്രീയുടെയും യുവാവിന്റെയും വിവാഹം 2015 ലാണ് നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ തന്നെ ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തെന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തിന് മുൻപ് ഭര്‍ത്താവിന്റെ വീട്ടുകാർ അദ്ദേഹത്തിന്റെ ജോലിയെപ്പറ്റി കള്ളം പറഞ്ഞിരുന്നതായി ഭാര്യ പൊലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. 34 വയസുകാരനായ ഭര്‍ത്താവിന് ഒരു ജോലിയും ഇല്ലെന്ന യാഥാർത്ഥ്യം വിവാഹ ശേഷമാണ് ഭാര്യക്ക് മനസിലായത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ ഭാര്യ ഇതേപ്പറ്റി ഭര്‍ത്താവിന്റെ ബന്ധുക്കളോട് ചോദിച്ചിരുന്നു.
എന്നാല്‍, ജോലിയെ പറ്റിയുള്ള തന്റെ കള്ളം പുറത്തായതോടെ ഭര്‍ത്താവിന് ഭാര്യയോടുള്ള ദേഷ്യം വർധിക്കുകയും യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു .ജബല്‍പൂര്‍ നിവാസിയായ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 494, 509, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.