ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം; അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കോഴിക്കോട് ; മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകർക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡ‍യറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.

അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റസിയ, അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ചുമതലയുണ്ടായിരുന്നു പി.കെ ഫൈസല്‍ എന്നിവരെ പ്രതികളാക്കിയാണ് മുക്കം പൊലീസ് കേസെടുത്തത്.

അധ്യാപകർ നേരത്തെയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സംശയം. ഉത്തരക്കടലാസുകൾ തിരുത്താനായി പ്രിൻസിപ്പാൾ കെ റസിയയും അധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Top