പെരുമ്പാവൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അതിഥി തൊഴിലാളി ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂരിനു സമീപം നൂലേലി പള്ളിപ്പടിയില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അതിഥി തൊഴിലാളി ജീവനൊടുക്കി. ഒഡീഷ സ്വദേശി വിഷ്ണു പ്രഥാനാണ് ഭാര്യ സിലക്കാരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പ്ലൈവുഡ് കമ്പനിയിലെ തൊളിലാളികളായ വിഷ്ണു പ്രഥാനും ഭാര്യ സിലക്കാരയും പെരുമ്പാവൂര്‍ നൂലേലിയിലുള്ള വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

ഒരു മാസം മുമ്പാണ് ഇവര്‍ പെരുമ്പാവൂരിലെത്തിയത്. രാവിലെ ഏഴുമണിയോടെയാണ് ഇരുവരെയും മുറിയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സമീപത്ത് താമസിക്കുന്നവര്‍ രാവിലെ പൈപ്പില്‍ വെള്ളമെടുക്കാനെത്തിയ സമയത്താണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടത്. സിലക്കാര തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലും ഭര്‍ത്താവായ വിഷ്ണു ജനലില്‍ തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി വരെ ഇരുവരെയും സമീപവാസികള്‍ കണ്ടിരുന്നു. പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Top