കൊച്ചി: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു…
ജിഷയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായി കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുണ്ടായ കുറ്റകൃത്യങ്ങളുടെ കണക്ക് നിരത്തിയാണ് ആഞ്ഞടിച്ചത്.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ 5982 ബലാത്സംഗങ്ങളും സ്ത്രീധന പീഡനം മൂലം മരണപ്പെട്ടത് 103 പേരും, 886 സ്ത്രീകളും കുട്ടികളും ഈ കാലയളവില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ലൈംഗീകാതിക്രമത്തിന് ഇരയായത് 1997 പേരാണ്. ഇതില്‍ ഒടുവിലത്തെ ഇരയാണ് ശരീരം പിച്ചിച്ചീന്തപ്പെട്ട ജിഷയെന്ന് പിണറായി പറയുന്നു.
പുറമ്പോക്കില്‍ താമസിക്കുന്ന നിരാധാര കുടുംബത്തിന് സ്വന്തമായി കിടപ്പാടം കണ്ടെത്താന്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പിന്റെ സഹായം തേടി അലയുകയായിരുന്നു ജിഷയുടെ അമ്മ. എന്തിന് പൊലീസ് കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാന്‍ അലംഭാവം കാണിച്ചുവെന്നും പിണറായി ചോദിക്കുന്നു.
ജിഷയുടെ കൊലയ്ക്കും ബലാത്സംഗത്തിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്ത് കൊണ്ട് കാലതാമസം വരുന്നു? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പരിശോധിക്കാന്‍ പൊലീസ് മടിച്ചു നിന്നതെന്തിന്? തുടങ്ങിയ പിണറായിയുടെ ചോദ്യങ്ങള്‍ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
സ്ത്രീകളോടുളള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന അനുഭവമാണിത്. ദരിദ്ര ദളിത് കുടുംബാംഗമായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടാതെ പോലീസ് ഒളിച്ചു കളിച്ചത് കേരള ജനത ആശങ്കയോടെയാണ് കാണുന്നത്.
ജിഷ ഓര്‍മ്മയല്ല മുന്നറിയിപ്പാണ് ….ഏതൊരു സ്ത്രീക്കും ഇവിടെ സ്വതന്ത്രയായി, സുരക്ഷിതയായി നിര്‍ഭയം ജീവിക്കേണ്ടതുണ്ട്.
സ്ത്രീയുടെ ആ അവകാശങ്ങള്‍ക്ക് ഭരണാധികാരികള്‍ സംരക്ഷണം നല്‌കേണ്ടതുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഇഞ്ചിഞ്ചായി മരണമടഞ്ഞപ്പോള്‍ കേരളീയര്‍ അവിശ്വസനീയമായ അനുഭവമായാണ് അതിനെ കണ്ടത്. സമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിഞ്ഞേ തീരൂ…പ്രതികരണം ഉണ്ടായേ തീരൂ.
ജിഷയ്ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തില്‍ നാം ഓരോരുത്തരും അണിനിരക്കണം. അത് കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിണറായി ആവശ്യപ്പെട്ടു.