കൊച്ചി: പെരുമ്പാവൂര്‍ ഡിവൈഎസ്പിയേയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറേയും മാറ്റാന്‍ ലക്ഷങ്ങളുടെ പണപ്പിരിവ്.
മണ്ണ്-മണല്‍ മാഫിയയാണ് ഈ നീക്കത്തിന് പിന്നില്‍. ആഭ്യന്തരവകുപ്പിലിടപെട്ട് സ്ഥലം മാറ്റം ശരിയാക്കിത്തരാമെന്നു പറഞ്ഞ് ചില നേതാക്കളും ഈ സംഘത്തോടൊപ്പം കൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തെ പൊലീസിനെ സംബന്ധിച്ച് ഏറ്റവും ‘സമ്പന്നമായ’ സബ് ഡിവിഷനായിട്ടാണ് പെരുമ്പാവൂര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തോളമായി ഇവിടെ ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണന്‍ സ്ഥലം മാറി പോയതിന് ശേഷം അടുത്തയിടെയാണ് തിരുവനന്തപുരം സ്വദേശി അനില്‍കുമാര്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയായി ചാര്‍ജെടുത്തത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഡിവൈഎസ്പിയേയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറേയും തെറിപ്പിച്ച് ഇഷ്ടക്കാരെ അവരോധിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
മണ്ണ്-മണല്‍ മാഫിയക്കെതിരെ പൊലീസ് ഇപ്പോള്‍ എടുക്കുന്ന കര്‍ക്കശ നിലപാടാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.