കൊച്ചി: പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന് തീവ്രവാദ കേസുകളില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധം. മോഷണക്കേസുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അബ്ദുള്‍ ഹാലിം പൊലീസിന്റെ പിടിയിലായി. കോഴിക്കോട്ടെ ഇരട്ടസ്‌ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് മോഷണം നടന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയായിരുന്നു കവര്‍ച്ച. വിജിലന്‍സിന് ലഭിച്ച പരാതി പ്രകാരം വീട്ടില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എത്തിയ സംഘം വീട്ടിലുണ്ടായിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമായി കടക്കുകയായിരുന്നു.
‘ഫോര്‍ രജിസ്‌ട്രേഷന്‍’ എന്ന ലേബല്‍ പതിപ്പിച്ച ഇന്നോവ കാറിലാണ് എട്ടംഗ സംഘം സിദ്ദിഖിന്റെ വീട്ടില്‍ എത്തിയത്. ഈ സമയം സിദ്ദിഖ് പള്ളിയില്‍ പോയിരിക്കുകയായിരുന്നു.വിജിലന്‍സിന് ലഭിച്ച പരാതി പ്രകാരം വീട്ടില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട സംഘം വീട്ടിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യ രഹനയുടേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ സുഹാനയുടേയും മൊബൈല്‍ ഫോണുകളും വാഹനങ്ങളുടെ താക്കോലും കൈക്കലാക്കി. ഈ സമയം സിദ്ദിഖ് പള്ളിയില്‍ നിന്ന് തിരിച്ചെത്തിയിരുന്നു. വളരെ മാന്യമായി പെരുമാറിയ സംഘാംഗങ്ങള്‍ സിദ്ദിഖിന് പരിചയമുള്ള ഏതാനും പോലീസുദ്യോഗസ്ഥരുടെ പേരു പറഞ്ഞപ്പോള്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടായി. എട്ടംഗ സംഘത്തില്‍ നാലുപേരാണ് വീടിനകത്ത് കയറിയത്. ഡ്രൈവര്‍ വാഹനത്തില്‍ തന്നെ ഇരുന്നു.
വിസിറ്റിംഗ് റൂമില്‍, സംഘത്തില്‍ ഒരാള്‍ വീട്ടുകാരുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയും മറ്റുള്ളവര്‍ അകത്തെ മുറികളില്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം ഒരാള്‍ ബാഗുമായി വീടിന്റെ പിന്‍വാതിലിലൂടെ പുറത്തിറങ്ങി. തങ്ങള്‍ക്ക് ലഭിച്ച വിവരം വ്യാജമാണെന്ന് തോന്നുന്നുവെന്നും വീട്ടില്‍ നിന്ന് രേഖകളൊന്നും ലഭിച്ചില്ലെന്നും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് സംഘം വാഹനത്തില്‍ കയറി സ്ഥലംവിടുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ അലമാര പരിശോധിച്ചപ്പോഴാണ് കവര്‍ച്ചയുടെ കാര്യം അറിഞ്ഞത്.
എട്ടംഗ മോഷണസംഘത്തിലെ നാലു പേര്‍ ഇതിനോടകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ടു പേരെ പെരുമ്പാവൂരില്‍ നിന്നും രണ്ടുപേരെ മലപ്പുറത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
പെരുമ്പാവൂര്‍ ഡിവൈഎസ്പി എസ്.സുദര്‍ശനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്