അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണെന്ന് പര്‍വേസ് മുഷറഫ്

ന്യൂഡല്‍ഹി : അന്താരാഷ്ട്ര കോടതി വധശിക്ഷ തടഞ്ഞ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.

ഇന്ത്യയില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണു കുല്‍ഭൂഷണ്‍ ജാദവെന്നു പാക്ക് പട്ടാളത്തിന്റെ മുന്‍ മേധാവികൂടിയായ അദ്ദേഹം പറഞ്ഞു.

164 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക്ക് ഭീകരനാണ് അജ്മല്‍ കസബ്. ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു കസബ്. എന്നാല്‍ ഭീകരവാദം വളര്‍ത്തി ആളുകളെ കൊല്ലിക്കാനുള്ള പ്രവൃത്തികളാണു ജാദവ് ആസൂത്രണം ചെയ്തതെന്നും മുഷറഫ് ആരോപിച്ചു.

ജാദവ് ഇന്ത്യന്‍ ചാരനാണെന്നു പറഞ്ഞാണു പാക്കിസ്താന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തതും സൈനികകോടതി വധശിക്ഷ വിധിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, കുല്‍ഭൂഷണ്‍ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്താന്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ആറാഴ്ചയ്ക്കകം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യാനാണു രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്താനോടു നിര്‍ദേശിച്ചത്.

Top