വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കീടനാശിനികള്‍ക്കുള്ള നിരോധനം ട്രംപ് ഒഴിവാക്കി. തേനീച്ചകളുടെ എണ്ണം ക്രമാതീതമായി ഇടിയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഒബാമ ഭരണകൂടം കീടനാശിനികള്‍ക്കും , ദേശീയ വന്യജീവി കേന്ദ്രങ്ങളില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ നിരോധനം നീക്കം ചെയ്യുന്നതോടെ പരാഗണം നടത്തുന്ന ജീവികള്‍ക്കും വളരെ സൂക്ഷ്മമായ ജന്തുക്കള്‍ക്കും വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പരിസ്ഥിവാദികള്‍ പറയുന്നു. യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് സര്‍വ്വീസ് പുറത്തിറക്കിയ കുറിപ്പിലാണ് നിരോധനം നീക്കം ചെയ്ത കാര്യം അറിയിച്ചത്.
ഏറ്റവും പ്രധാനപ്പെട്ടതും ദുര്‍ബലവുമായ ചില ജീവിവര്‍ഗ്ഗങ്ങളുടെ സംരക്ഷണം, വന്യജീവി സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ട സങ്കേതങ്ങള്‍ തുടങ്ങിയവയില്‍ വ്യാവസായിക കൃഷിക്ക് സ്ഥാനമില്ലെന്നു ഡിഫെന്‍ഡേഴ്‌സ് ഓഫ് വൈല്‍ഡ് ലൈഫ് എന്ന സംഘടനയുടെ പോളീസി അനലിസ്റ്റ് ജെന്നി കീറ്റിംഗ് പറഞ്ഞു.