Petition against Muhammad Nissam

കൊച്ചി: തൃശൂര്‍ പുഴക്കര ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് നിസാമിനെതിരെ പരാതിയുമായി സഹോദരങ്ങള്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിസാം വധ ഭീഷണി മുഴക്കിയെന്ന് കാണിച്ച് സഹോദരങ്ങള്‍ പൊലീസിനു പരാതി നല്‍കി.

സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയത്. 20ാം തീയതി വൈകീട്ട് രണ്ടു തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിസാമിനെ ബംഗളൂരുവില്‍ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കാര്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്.പി ആര്‍. നിശാന്തിനി അറിയിച്ചു.

നിസാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹോദരങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇതില്‍ കുപിതനായ നിസാം സഹോദരങ്ങളെ വിളിച്ച് ആരോടു ചോദിച്ച് വേതനം വര്‍ധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നല്‍കിയതെന്നും ചോദിച്ചായിരുന്നു ഭീഷണി.

കേസിന്റെ ഭാഗമായി ബെംഗളൂരുവിലേക്കു കൊണ്ടുപോയ അതേ ബസില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫിസ് ജീവനക്കാരും യാത്ര ചെയ്തതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പൊലീസിനും നിസാമിനും മടക്ക ടിക്കറ്റ് എടുത്തിരിക്കുന്നതു നിസാമിന്റെ ഓഫിസില്‍നിന്നാണെന്നു സംശയിക്കാവുന്ന തെളിവുകളും ബന്ധുക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

നേരത്തെ കേസിന്റെ വിചാരണവേളയില്‍ നിസാം ഫോണ്‍ വഴി സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top