കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്‌ററ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ സമാന കേസില്‍ ലാബ് ഉടമകളുടെ ഹര്‍ജി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതേതുടര്‍ന്നാണ് ലാബ് ഉടമകളുടെ പുതിയ നീക്കം. സ്വകാര്യ ലാബ് ഉടമകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്തത് നിയമപരമല്ലെന്നും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്തുന്നത് ലാബ് ഉടമകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.