മുംബൈ: എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. സമീര്‍ വാംഖഡെയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വഴിയാണ് വാംഖഡെ ജോലി നേടിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അശോക് മഹാദേവ് കാംബ്ലെ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിറ്റുകള്‍ പരിശോധിച്ച്, വാംഖഡെക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിശദമായ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്‍സിബിക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ആര്യന്‍ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ദമേച്ച എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇവര്‍ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും, കുറ്റകരമായ ഒന്നും കണ്ടെത്താന്‍ ആയില്ല. ഒരേ സമയം കപ്പലില്‍ ഉണ്ടായി എന്നത് കൊണ്ട് ഗൂഢാലോചനയുണ്ടെന്ന് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.