മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ സഞ്ജയ് ദത്തിനെ ഫെബ്രുവരി 27ന് മോചിതനാക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ പ്രദീപ് ഭലേക്കര്‍ എന്നയാള്‍ ഹര്‍ജി നല്‍കി.
മുംബൈ സ്‌ഫോടനവുമായി ബന്ധമുള്ളവരില്‍ നിന്ന് തോക്കുകള്‍ വാങ്ങി നിയമവിരുദ്ധമായി കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്ത് അഞ്ച് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ടത്. ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് ദത്തിനെ മോചിതനാക്കുന്നതിനെതിരെയാണ് ഭലേക്കര്‍ ഹര്‍ജി നല്‍കിയത്.
സഞ്ജയ് ദത്തിന് ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കില്‍ ഇതേ കാരണത്താല്‍ മോചനം അര്‍ഹിക്കുന്ന മറ്റ് 27,740 ജയില്‍വാസികളുണ്ടെന്ന് ഭലേക്കര്‍ പ്രസ്താവിക്കുന്നു. ഹര്‍ജിയില്‍ ദത്തിനെ പിന്തുണച്ച ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും ആരോപണമുണ്ട്. അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ പറ്റി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
1993ല്‍ ടാഡ ഭീകരവിരുദ്ധ നിയമപ്രകാരമാണ് ദത്തിനെതിരെ കേസെടുത്തത്. വിചാരണതടവ് അനുഭവിച്ച 18 മാസം കൂടി ഉള്‍പ്പെടുത്തി 2007ല്‍ സഞ്ജയ് ദത്തിനെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുകയായിരുന്നു.