ന്യൂഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയക്കായി കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.
അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിലഉളള സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വധശിക്ഷയൊഴിവാക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടല്‍ വേണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
യമന്‍ പൗരന്റെ കുടുംബത്തിന് കൈമാറാനുളള മോചനദ്രവ്യം നല്‍കുന്നതിന് വേണ്ടിയുളള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യമനിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
70 ലക്ഷം രൂപയാണ് നിമിഷപ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരുക. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ മാത്രമാണ് നിമിഷയുടെ മോചനം സാധ്യമാകൂ. ഇതിനായി ഗോത്ര നേതാക്കളെ ഉള്‍പ്പെടുത്തി കോടതിക്ക് പുറത്ത് ആക്ഷന്‍ കൗണ്‍സില്‍ മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്.
മോചനദ്രവ്യം സമാഹരിക്കാനുള്ള ആവശ്യം മുന്‍നിര്‍ത്തി നിമിഷപ്രിയ ജയിലില്‍ നിന്നും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. 70 ലക്ഷം രൂപ എന്ന മോചനദ്രവ്യത്തിലേക്ക് സ്വമേധയാ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ഇന്ത്യക്കാരില്‍ നിന്നും സ്വരൂപിക്കുന്ന ധനസഹായം യെമനിലെ ഇന്ത്യന്‍ എംബസിയിലേക്ക് എത്തിച്ചു കൊടുക്കാനുള്ള സഹായ സഹകരണങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെങ്കിലും അതില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.