മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനും, മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. ഇരുവര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മുംബൈ സ്വദേശിനി അഡ്വ. ജയശ്രീ ലക്ഷ്മണ്‍റാവു പാട്ടീലാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അനില്‍ ദേശ്മുഖിനെതിരെ കോഴയാരോപണം ഉന്നയിച്ച് പരംബീര്‍ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തേ അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീര്‍ സിംഗ് രംഗത്തെത്തിയിരുന്നു. സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരംബീര്‍ സിംഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീര്‍ സിംഗ് കത്തയച്ചിരുന്നു.