കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും കുരുക്ക്. ആലുവ മണപ്പുറം നടപ്പാലം നിര്‍മാണ അഴിമതിയില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
ആലുവ മണപ്പുറം നടപ്പാലം നിര്‍മാണത്തില്‍ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയ കേസില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചത്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നു. സംഭവത്തില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികള്‍ക്കെതിരായ അഴിമതി കേസുകളില്‍ സര്‍ക്കാരിനോട് പ്രോസിക്യൂഷന്‍ അനുമതി തേടണമെന്നതിനാലാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. മണപ്പുറം നടപാലം അഴിമതിക്കേസ് ഇപ്പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശിവരാത്രി മണപ്പുറത്തേക്ക് നിര്‍മിച്ച നടപ്പാലത്തിന് ആറുകോടി രൂപയായിരുന്ന ടെന്‍ഡര്‍ തുക. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 18 കോടിയായി.നിശ്ചിത തുകക്ക് പണിതീര്‍ക്കാമെന്ന കരാറില്‍ നിര്‍മാണം തുടങ്ങിയ പാലത്തിന് 12 കോടി രൂപയോളമാണ് അധികം ചെലവായത്. വിദഗ്ധ പരിശോധനയോ രേഖകളുടെ പിന്‍ബലമോ ഇല്ലാതെയാണു പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടാണു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.