ന്യൂഡൽഹി : മതം ഘടകമാക്കി പട്ടികജാതി പദവി നൽകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തമിഴ്നാട്ടിലെ സാമൂഹികപ്രവർത്തകൻ കെ.അരശനാണ് പുതിയ ഹർജി നൽകിയത്. ജാതി സംവരണത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കുക, മുസ്‍ലിം/ക്രിസ്ത്യൻ വിഭാഗങ്ങളിലേക്കു മതം മാറിയ പട്ടികജാതിക്കാർക്കു എസ്‍സി പദവി നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സമാന ഹർജികൾക്കൊപ്പം ഇതും പരിഗണിക്കും.
പട്ടികജാതിയിൽ നിന്നു ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ നിരോധിക്കുന്ന വകുപ്പ് ഭരണഘടനയിലെ സമത്വം, സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ ആശയങ്ങൾക്ക് എതിരാണ്.
ഭരണഘടനയിൽ പട്ടികജാതികൾ സംബന്ധിച്ച 341(1) വകുപ്പിൽ മതം എന്ന വാക്കില്ല. മതമേതെന്നത് എസ്‍സി പദവി നൽകുന്നതിനുള്ള ഘടകമല്ല. അതുകൊണ്ടു തന്നെ നിഷേധിക്കപ്പെടാൻ പാടില്ലെന്നും ഹർജിയിലുണ്ട്.
ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥരായ എസ്ടി വിഭാഗക്കാർക്കു നേരിടേണ്ടി വന്ന വിവേചനം ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളിലേക്ക് എത്തിയ എസ്‍സി വിഭാഗക്കാർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
1983 ൽ ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു ബുദ്ധമതത്തിലേക്ക് മാറിയ എസ്‍സി വിഭാഗക്കാർക്കു തുടർന്നും പദവി നൽകിയത്.
മതഭേദമില്ലാത്തവിധം ഭരണഘടന (എസ്‍സി) ഉത്തരവിൽ ഭേദഗതി വേണമെന്നു രംഗനാഥ് മിശ്ര കമ്മിഷൻ ശുപാർശ ചെയ്തിരുന്നുവെന്നും ഹർജിയിൽ പറയുന്നു.