കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന് ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് റസല്‍ ജോയി സുപ്രീംകോടതിയില്‍ പരാതി നല്കി.
ഫെഡറല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് ഡാം ഡീ കമ്മീഷന് ചെയ്യണമെന്നാണ് റസല്‍ ജോയി ആവശ്യപ്പെട്ടിരിക്കുന്നത്.
71 വര്‍ഷത്തോളം പഴക്കമുള്ള ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാമെന്നും ഡാമിന്റെ അവസ്ഥ പരിതാപകരമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ റസല്‍ ജോയി പറയുന്നു.
കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയെ ഒന്നാം എതിര് കക്ഷിയും കേരള സര്‍ക്കാര്‍, കേന്ദ്ര ജലകമ്മീഷന്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവരെ തുടര്‍ന്നുള്ള കക്ഷികളുമായാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
അടുത്തിടെ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തിയ ഹിമാന്‍ഷു ഠാക്കൂറിന്റെ നിഗമനമനുസരിച്ച് ഡാമിന്റെ 22 ബ്ലോക്കുകളില്‍ 18 എണ്ണത്തിന് കാര്യമായ ചോര്‍ച്ചയുണ്ടെന്ന് ബോധ്യമായിട്ടുണ്ട്. ഈ അവസ്ഥയില്‍ എത്രയും വേഗത്തില്‍ ആവശ്യമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
ഡാം കമ്മീഷന് ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം. അവര്‍ ഡീ കമ്മീഷന് ചെയ്യുന്നതിന് തീയതി തീരുമാനിക്കും. തീയതി സുപ്രീംകോടതിയില്‍ ശുപാര്‍ശ ചെയ്യാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കണമെന്നും റസല്‍ ജോയി പരാതിയില്‍ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയിലെ അഭിഭാഷകരും കുസാറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും തനിക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.