പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമെന്നും ഹർജിയിൽ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.

അതേസമയം, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നടക്കുന്ന ഞായറാഴ്ച ബദൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നേക്കും. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് ഉല്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാ‍‌‍ർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഔദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്.

Top