വ്യവസായ ഭീമന്‍ അദാനിക്കെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വന്തന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനാനായ ബെഞ്ചാണ് നവംബര്‍ 24ന് പറയാന്‍ മാറ്റിവച്ച വിധി പ്രഖ്യാപിക്കുക. കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുള്‍പ്പെടെ നിരവധി സാമ്പത്തിക ക്രമക്കേടുകളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ചത്. ഇതിനെ അടിസ്ഥാനമാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളിലാണ് ബുധനാഴ്ചത്തെ വിധിപ്രസ്താവം.
രണ്ടുമാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിയോട് കോടതി നിര്‍ദേശിച്ചെങ്കിലും ആറുമാസത്തെ അധികം സമയം കൂടി ആവശ്യപ്പെട്ടിരുന്നു. വിഷയം സങ്കീര്‍ണമാണെന്ന കാരണമായിരുന്നു സെബി ചൂണ്ടിക്കാട്ടിയത്. അപേക്ഷയ്ക്ക് അനുകൂലമായ സമീപനമായിരുന്നില്ല സുപ്രീംകോടതി ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട് ഓഗസ്റ്റ് 14 വരെ സമയപരിധി നീട്ടിക്കൊടുക്കുകയായിരുന്നു.തുടര്‍ന്ന്, വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ വിശാല്‍ തിവാരി, എം എല്‍ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ഡോ. ജയ താക്കൂര്‍, ആക്ടിവിസ്റ്റ് അനാമിക ജയ്സ്വാള്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തു. ഇതിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണ ചട്ടക്കൂട് ഉണ്ടോ എന്ന് അന്വേഷിക്കാനും പരിശോധിക്കാനും മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സെബിയെയും ചുമതലപ്പെടുത്തി.
നിലവില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ സംശയത്തിനിടയില്ലെന്ന് വാദം നടക്കുന്നതിനിടെ സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഒപ്പം വിഷയം പരിശോധിക്കാന്‍ കോടതി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളുടെ നിഷ്പക്ഷതയ്ക്കെതിരായ വാദങ്ങള്‍ അംഗീകരിക്കാനും ബെഞ്ച് വിമുഖത പ്രകടിപ്പിച്ചിരുന്നു. 2023 ജനുവരി 24നാണ് അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.