തങ്കമണി ചിത്രം വിലക്കണം എന്ന ഹര്‍ജി;രഹസ്യ വാദം കേട്ട് ഹൈക്കോടതിയില്‍

കൊച്ചി: ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാര്‍ച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ മിനിറ്റ്‌സ് ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. തങ്കമണി സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇടുക്കി സ്വദേശി നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വീണ്ടും എത്തിയ ഹര്‍ജിയാണ് ഇത്തവണ പരിഗണിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നരകയറിയ മുടിയും താടിയുമൊക്കെയായി ഇതുവരെ കാണാത്ത വേഷപകര്‍ച്ചയില്‍ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’യെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെ മറ്റൊരു വേഷപ്പകര്‍ച്ചയില്‍ സെക്കന്‍ഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസര്‍ ദിലീപ് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കുമൊക്കെ ഗംഭീര ദൃശ്യവിരുന്ന് സമ്മാനിക്കുന്നൊരു ചിത്രമാണ് ‘തങ്കമണി’യെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു.ദിലീപിന്റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യില്‍ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകര്‍ച്ചയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളുമുണ്ട്. ഇടുക്കി തങ്കമണിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ്.

Top