‘തങ്കമണി’ സിനിമയില്‍ നിന്ന് സാങ്കല്‍പ്പിക ബലാല്‍സംഗ രംഗങ്ങള്‍ ഒഴിവാക്കണം; ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ‘തങ്കമണി’ സിനിമയില്‍ നിന്ന് സാങ്കല്‍പ്പിക ബലാല്‍സംഗ രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. 1986- ലെ തങ്കമണി സംഭവത്തിന്റെ വികലമായ ചിത്രീകരണമാണ് ടീസറില്‍ വ്യക്തമാകുന്നതെന്നാണ് ഹര്‍ജിയിലെ ആരോപണം. അക്രമവും പൊലീസ് വെടിവെപ്പുമായി ബന്ധപ്പെടുത്തി യഥാര്‍ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശി വി ആര്‍ വിജുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറില്‍ നിന്ന് ഇത്തരം രംഗങ്ങള്‍ ചിത്രത്തിലുള്ളതായി വ്യക്തമാകുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നാട്ടിലെ പുരുഷന്മാര്‍ വയലില്‍ ഒളിഞ്ഞിരിക്കുന്നതും സ്ത്രീകളെ പൊലീസ് മാനംഭംഗപ്പെടുത്തുന്നതും ടീസറില്‍ കാണുന്നുണ്ട്. തങ്കമണിയില്‍ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ല. തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങള്‍ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനിടയാക്കും. പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകള്‍ നഷ്ടമായതുമാണ് യാഥാര്‍ഥ്യം. വിദ്യാര്‍ഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഇതല്ലാതെ മറ്റ് മാനങ്ങള്‍ നല്‍കിയുള്ള ചിത്രീകരണം തങ്കമണിയിലെ ഗ്രാമീണരോടുള്ള വിവേചനമാണെന്നും ഇത് മൗലികാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

Top