തിരുവനന്തപുരം : മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ വിചാരണ നീണ്ടു പോയത് ഗൗരവകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം തിരുത്താനാവശ്യപ്പെട്ട കോടതി കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.