എയ്‌ഗോണ്‍ ക്ലാസിക് ടൂര്‍ണമെന്റ്, ക്വിറ്റോവ സെമിയില്‍

ബിര്‍മിംഗ്ഹാം: ചെക്ക് താരം പെട്ര ക്വിറ്റോവ എയ്‌ഗോണ്‍ ക്ലാസിക് ടൂര്‍ണമെന്റില്‍ സെമിയില്‍ പ്രവേശിച്ചു.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡനോവിച്ചിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റോവയുടെ ജയം. സ്‌കോര്‍: 64, 76 (75). സെമിയില്‍ ക്വിറ്റോവ നാട്ടുകാരിയായ ലൂസി സഫറോവയെ നേരിടും.

സ്പാനിഷ് താരം ഗാര്‍ബിനെ മുഗുറുസയും സെമിയില്‍ കടന്നു. അമേരിക്കയുടെ കോകോ വാന്‍ഡ്‌വെഗ് പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നു പിന്മാറിയതോടെ മുഗുറുസ സെമിയില്‍ കടക്കുകയായിരുന്നു.

ആദ്യ സെറ്റ് വാന്‍ഡ്‌വെഗാണ് (64) നേടിയത്. എന്നാല്‍ നാലിനെതിരെ ആറ് ഗെയിമുകള്‍ക്ക് മുഗുറുസ രണ്ടാം സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു. ഇതോടെ അവസാന സെറ്റ് നിര്‍ണായകമായി.

കളിക്കിടെ വലത് കണങ്കാലിന് പരിക്കേറ്റ വാന്‍ഡ്‌വെഗിനു കളത്തിലേക്ക് തിരിച്ചെത്താന്‍ ആയില്ല. ഇതോടെ മുഗുറുസയ്ക്ക് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പായി.

Top