പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരും ; ലിറ്ററിന് അഞ്ചു രൂപ വരെ വർദ്ധിച്ചേക്കും

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിസന്ധിയിലാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും ഉയരുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുവാനാണ് സാധ്യത. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളര്‍ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം.

ക്രൂഡ് വില ഉയരുന്നത് മൂലം മാര്‍ജിന്‍ താഴ്ന്നതായി എണ്ണ വിതരണ കമ്പനികള്‍ പറയുന്നു. നിലവിലെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതിന് ഉടന്‍ തന്നെ 2 .80 രൂപ മുതല്‍ 3 .70 രൂപ വരെ അടിയന്തരമായി കൂട്ടണമെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് മാര്‍ക്കറ്റിലേക്കുള്ള ക്രൂഡിന്റെ സപ്ലൈ കുറയ്ക്കും. ഇത് വില വീണ്ടും കൂടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഇതോടൊപ്പം ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും ക്രൂഡിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. അങ്ങനെ വരുമ്പോള്‍ എണ്ണ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ അകപ്പെടും. ഇത് മറി കടക്കുന്നതിനാണ് ഉടനടി പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ കമ്പനികള്‍ ഒരുങ്ങുന്നത്.

Top