ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെത്തിയിരിക്കുന്നത്.
ഇന്ധനവില ദിവസേന പുതുക്കുന്ന സംവിധാനം നടപ്പാക്കിയശേഷം ആദ്യമായാണ് വില ഇത്ര ഉയരുന്നത്. വിലകുറയ്ക്കാനുള്ള നടപടിയില്‍ കേന്ദ്രം ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.
ഈ വര്‍ഷം ജൂണിലാണ് പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കുന്ന സംവിധാനം എത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടയില്‍ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.
അമേരിക്കയില്‍ ഉണ്ടായ ചുഴലിക്കാറ്റ് മൂലം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടിവന്നത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഇന്ധനവിലയുടെ എക്‌സൈസ് നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് ധനമന്ത്രാലയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.